ഋതു സംഹാരം.

നിലാവിന്‍റെ പടികളില്‍ ഇരുന്ന് അമ്മ കാലത്തെ ചികഞ്ഞെടുത്ത് നിരാശയായി;

ഇല്ല ഒന്നുമില്ല.
ഒക്കെ മഞ്ഞുമാത്രം
.

ആല്‍തറയുടെ ചാരെ ചീട്ടുകളില്‍ മുഖം പൂഴ്ത്തി
അച്ഛന്‍ നിര്‍വൃതി പൂണ്ടു;

അല്ല എന്തോ ഉണ്ട്.
ഒരു വസന്തത്തിന്റെ
പൊടിപ്പു പോലെ .

നിറം മങ്ങിയ പട്ടുസാരി
ഇസ്തിരിയിട്ട് കൊണ്ട് മകള്‍ പറഞ്ഞു;

ഈ വേനല്‍ എന്നാണ്
അവസാനിക്കുക?

വിജനമായ രാത്രിവണ്ടിയില്‍
ഒരു നിദ്ര സ്വപ്നം കണ്ടു കൊണ്ട്
മകന്‍ അസ്വസ്ഥനായി;

ഒരു പ്രളയം
എന്നാണ് വരിക?

ഞാന്‍
ഞാന്‍ മാത്രം ;

വര്‍ഷത്തിനും വേനലിനും ഇടയില്‍;
വസന്തത്തിനും ഗ്രീഷ്മത്തിനും അകലെ;
പുണ്യത്തിനും പാപത്തിനും അപ്പുറം;
പ്രണയത്തിനും വെറുപ്പിനും താഴെ;

ഒന്ന് പൊട്ടിത്തെറിക്കാന്‍ പോലും ആവാതെ.......

If u know malayalam language. And can't read this page properly click here to download font.Copy and Paste font into C:\windows\font directory .


Sunday, November 7, 2010

വസന്തത്തിന്റെ വരവ്. - കവിത - ആര്‍.എസ്.രാജീവ്‌.

വസന്തത്തിന്റെ വരവ്.
 ഏഴു കടലും കടന്ന് 
 എഴുന്നുര് നാഗത്തന്മാരെയും കീഴടക്കി,
 ഞാന്‍ കൊണ്ട് വന്ന രാജകുമാരിയെ 
 നീ കാണുക.

 ഇവളുടെ മിഴികളില്‍ 
 ഒരു നഷ്ടപ്പെട്ട സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ 
 തങ്ങി നില്‍ക്കുന്നത് നീ അറിയുന്നില്ലേ?
 എവിടെയാണ് നാം അവള്‍ക്കൊരു 
 പീഠം കൊടുക്കുക?

 നമ്മുടെ സത്ത തകര്‍ക്കുന്ന   
 ഈ ജീര്‍ണതയുടെ പൊയ്മുഖം 
 നീ എടുത്തു കളയുക.
 ആന വിരണ്ടു കയറിയ ആള്‍ക്കൂട്ടം പോലെ 
 നിന്റെ മുഖം ചിതറുന്നത്‌ 
 ഞാന്‍ അറിയുന്നു.

 നോക്കുക...
 മലമുകളില്‍ വസന്തം വിരിഞ്ഞിരിക്കുന്നു.
 നമുക്ക് നമ്മുടെ ശിരസ്സിലെ
ചിതല്‍ പുറ്റ് തട്ടിക്കൊഴിക്കം !




No comments:

Post a Comment